എം ജി ബിരുദ ഏകജാലകം : ഒന്നാം അലോട്മെന്റ് ലഭിച്ചവരുടെ ശ്രദ്ധക്ക്- ഒന്നാം അലോട്മെന്റ് ലഭിച്ചവർ നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കി സ്ഥിര/താത്കാലിക പ്രവേശം തെരഞ്ഞെടുത്ത് അലോട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് കോളേജുകളെ ബന്ധപ്പെടേണ്ടതും സ്ഥിര പ്രവേശം നേടുന്നവർ കോളേജുകൾ നിഷ്കർഷിക്കുന്ന ഓൺലൈൻ മോഡ് വഴി നിശ്ചിത ട്യൂഷൻ ഫീ ഒടുക്കി യുക്ത മാർഗേണ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ സാക്ഷ്യപത്രങ്ങളുടെയും ടി സി യുടെയും അസ്സൽ സമർപ്പിക്കേണ്ടതുമാണ്. താത്കാലിക പ്രവേശം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയിൽ ലോഗിൻ ചെയ്ത് താത്കാലിക പ്രവേശം തെരഞ്ഞെടുത്ത് അലോട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് കോളേജുകളുമായി ബന്ധപ്പെടേണ്ടതും താത്കാലികമായി പ്രവേശം ലഭിച്ചു എന്നുറപ്പ് വരുത്തേണ്ടതുമാണ്. പ്രവേശം ലഭിച്ചു എന്നത് സംബന്ധിച്ച 'confirmation slip' പ്രവേശം ലഭിച്ച ശേഷം ഓൺലൈനായി ലോഗിൻ ചെയ്ത് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതുമാണ് . പ്രവേശനം സംബന്ധമായ പരാതികൾ 'confirmation slip' നോടൊപ്പമല്ലാതെ സ്വീകരിക്കുന്നതല്ല. ആയതിനാൽ പ്രവേശനമെടുക്കുന്ന എല്ലാവരും സ്ഥിര/താത്കാലിക പ്രവേശം സംബന്ധിച്ച 'confirmation slip' ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. സ്ഥിരപ്രവേശമെടുക്കുന്നവർ ഏകജാലക വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിവിധങ്ങളായ ഫീസ് സംബന്ധമായ ഉത്തരവുകൾ പരിശോധിച്ച് മനസ്സിലാക്കേണ്ടതും അധിക ഫീസ് ഈടാക്കുന്ന പക്ഷം മതിയായ തെളിവുകൾ സഹിതം പരാതി സമർപ്പിക്കേണ്ടതുമാണ്.